This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിമിനല്‍ നടപടി നിയമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിമിനല്‍ നടപടി നിയമം

ക്രിമിനല്‍ കേസുകളുടെ നടപടിക്രമം സംബന്ധിയായ നിയമസംഹിത. ബ്രിട്ടീഷ് ഭരണകാലത്ത്, മെക്കാളെ പ്രഭു അധ്യക്ഷനായുള്ള ഒന്നാം നിയമ കമ്മിഷന്‍ തയ്യാറാക്കിയ ഇന്ത്യന്‍ ശിക്ഷാനിയമത്തിനനുബന്ധമായി ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡും പ്രാബല്യത്തില്‍ വന്നു (1861). ഇംഗ്ലണ്ടിലെ ക്രിമിനല്‍ നടപടിക്രമത്തിലെ വ്യവസ്ഥകളോടു സാദൃശ്യമുള്ളതാണ് ഇന്ത്യയിലെ ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡ്. 1861-ലെ കോഡ് ഇന്ത്യയില്‍ അന്ന് നിലവിലിരുന്ന സാഹചര്യങ്ങള്‍ക്കനുസൃതമായിരുന്നില്ല. അതിനാല്‍ അതു പരിഷ്കരിച്ച് 1898-ല്‍ ഒരു പുതിയ പ്രൊസീഡിയര്‍ കോഡ് പാസാക്കപ്പെട്ടു. അതിനു കേന്ദ്രഗവണ്‍മെന്റും സംസ്ഥാനങ്ങളും പല ഭേദഗതികളും വരുത്തിയിട്ടുണ്ട്. 1923-ലും 55-ലും വരുത്തിയ ഭേദഗതികളാണ് ഇതില്‍ ശ്രദ്ധേയമായിട്ടുള്ളത്. 1955-ല്‍ ഈ കോഡിന് 27 ഭേദഗതികള്‍ വരുത്തുകയുണ്ടായി. നടപടിക്രമങ്ങള്‍ ലളിതമാക്കിയതും വിചാരണയുടെ കാലതാമസം കുറച്ചതും 1955-ലെ ഭേദഗതിയിലൂടെയായിരുന്നു. ഈ കോഡ് 75 വര്‍ഷം (1898-1973) പ്രാബല്യത്തിലിരുന്നു.

സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയിലെ നിയമങ്ങള്‍ പരിഷ്കരിക്കാന്‍ വേണ്ടി നിയമിതമായ ലോ കമ്മിഷന്‍ 1958-ല്‍ ഗവണ്‍മെന്റിനു സമര്‍പ്പിച്ച 14-ാം റിപ്പോര്‍ട്ടില്‍ 1898-ലെ ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡ് പരിഷ്കരിക്കേണ്ട ആവശ്യകതയെക്കുറിച്ചും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും പ്രതിപാദിച്ചിരുന്നു. തുടര്‍ന്ന് സമര്‍പ്പിക്കപ്പെട്ട ചില റിപ്പോര്‍ട്ടുകളിലും (25, 32, 33, 36, 37, 40) ഇതു സംബന്ധിച്ച നിര്‍ദേശങ്ങളുണ്ടായിരുന്നു. 1969 സെപ്തംബറില്‍ സമര്‍പ്പിച്ച 41-ാം റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡ് പരിഷ്കരണത്തെ സംബന്ധിച്ച സമഗ്രമായ നിര്‍ദേശങ്ങള്‍ അടങ്ങിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 1970 ഡി. 10-ന് രാജ്യസഭയില്‍ ഇതു സംബന്ധിച്ച ബില്‍ അവതരിപ്പിക്കപ്പെട്ടത്. പാര്‍ലമെന്റിന്റെ ഇരു സഭകളിലെയും സംയുക്ത സമിതി പരിശോധിച്ചു സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ 1973 ഡിസംബറില്‍ ഈ ബില്ല് പാര്‍ലമെന്റ് പാസാക്കി. 1974 ജനു. 25-ന് ബില്ലിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചു. 1974 ഏ. 1-ന് നിയമം പ്രാബല്യത്തില്‍ വന്നു.

1898-ലെ കോഡില്‍ മൊത്തം 565 വകുപ്പുകളാണുണ്ടായിരുന്നത്. പിന്നീട് പല വകുപ്പുകളും കൂട്ടിച്ചേര്‍ക്കുകയും ചില വകുപ്പുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. 1973-ലെ പുതിയ കോഡില്‍ പഴയകോഡിലെ 117 വകുപ്പുകള്‍ അതേപടി സ്വീകരിച്ചു. 19 വകുപ്പുകള്‍ ചില വാക്കുകള്‍ മാറ്റി ഉള്‍പ്പെടുത്തി; 190 വകുപ്പുകള്‍ അല്പം ചില ഭേദഗതികളോടെയും 90 വകുപ്പുകള്‍ കാര്യമായ മാറ്റം വരുത്തിയും ഉള്‍ക്കൊള്ളിച്ചു. ബാക്കിയുള്ളവ വേണ്ടെന്നു വച്ചു. 68 പുതിയ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെ 1973-ലെ പുതിയ ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡില്‍ മൊത്തം 484 വകുപ്പുകളാണുള്ളത്. പീഠിക (1-5), ക്രിമിനല്‍ കോടതികളുടെയും ഓഫീസുകളുടെയും ഘടന (6-25), കോടതികളുടെ അധികാരങ്ങള്‍ (26-35), ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാരുടെ അധികാരങ്ങള്‍, മജിസ്ട്രേറ്റ് പൊലീസ് എന്നിവര്‍ക്കു പൊതുജനങ്ങളുടെ സഹായം (36-40), അറസ്റ്റ് (41-60), ഹാജരാകാന്‍ നിര്‍ബന്ധിക്കുന്നതിനുള്ള ഉത്തരവുകള്‍ (61-90), സാധനങ്ങള്‍ ഹാജരാകുന്നതിനു നിര്‍ബന്ധിക്കുന്നതിനുള്ള ഉത്തരവുകള്‍ (91-105), നല്ല നടപ്പു ജാമ്യം (106-124), ഭാര്യ, കുട്ടികള്‍, രക്ഷാകര്‍ത്താക്കള്‍ എന്നിവരുടെ സംരക്ഷണം സംബന്ധിച്ച് ഉത്തരവ് (125-128), പൊതുസമാധാനം, പ്രശാന്തത, എന്നിവയുടെ പരിപാലനം (129-148), പൊലീസിന്റെ മുന്‍കരുതല്‍ നടപടി, (149-151), പൊലീസ് വിവരം നല്കലും അവരുടെ അന്വേഷണാധികാരങ്ങളും (154-176), അന്വേഷണം, വിചാരണ എന്നീ കാര്യങ്ങളില്‍ ക്രിമിനല്‍ കോടതികളുടെ അധികാരപരിധി(177-189), നടപടി ആരംഭിക്കുന്നതിനുള്ള ഉപാധികള്‍ (190-199), മജിസ്ട്രേറ്റുമാര്‍ക്കുള്ള പരാതികള്‍ (200-203), മജിസ്ട്രേറ്റ് കോടതിയില്‍ വ്യവഹാരത്തിന്റെ ആരംഭം (204-210), കുറ്റപത്രം (211-224), സെഷന്‍സ് കോടതിയുടെ വിചാരണ (225-237), വാറണ്ടുകേസുകളുടെ വിചാരണ (238-250), സമന്‍സ് കേസുകളുടെ വിചാരണ (251-259), സമ്മറി വിചാരണ (260-265), തടങ്കലിലുള്ള വ്യക്തികളുടെ ഹാജര്‍ (265-271), അന്വേഷണങ്ങളിലും വിചാരണകളിലും തെളിവെടുപ്പ് (272-299), അന്വേഷണങ്ങള്‍, വിചാരണസംബന്ധിച്ച പൊതു വ്യവസ്ഥകള്‍ (300-327), മനോരോഗികളായ കുറ്റവാളികളെ സംബന്ധിച്ച വ്യവസ്ഥകള്‍ (328-339), നീതിനിര്‍വഹണത്തെ ബാധിക്കുന്ന കുറ്റങ്ങളെ സംബന്ധിച്ച വ്യവസ്ഥകള്‍ (340-352), വിധി (353-355), മരണശിക്ഷ സ്ഥിരപ്പെടുത്തുന്നതിനുള്ള സമര്‍പ്പണം (356-371), അപ്പീല്‍ (372-394) റഫറന്‍സും റിവിഷനും (395-405), ക്രിമിനല്‍ കേസുകളുടെ കോടതിമാറ്റം (406-412), വിധി നടത്തിപ്പ്, തടഞ്ഞുവയ്ക്കല്‍, ഇളവുചെയ്യല്‍ (413-435), ജാമ്യം, ബോണ്ട് എന്നിവ സംബന്ധിച്ച വ്യവസ്ഥകള്‍ (436-450), സ്വത്ത് സംബന്ധിച്ച വ്യവസ്ഥ (451-459), ക്രമരഹിതമായ വ്യവഹാരം (460-466), ചില കുറ്റങ്ങള്‍ക്കുള്ള കാലഹരണം (467-473), പലവക (474-484) എന്നിങ്ങനെ 37 അധ്യായങ്ങളായിട്ടാണ് ഈ കോഡ് വിഭജിച്ചിട്ടുള്ളത്.

1898-ലെ ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡിനെക്കാള്‍ സമഗ്രവും ഇന്നത്തെ സാമൂഹിക നിലവാരത്തിന് അനുയോജ്യവുമായ രീതിയിലാണ് 1973-ലെ കോഡ് തയ്യാറാക്കിയിട്ടുള്ളത്. പുതിയ കോഡിലെ എടുത്തു പറയത്തക്കസവിശേഷതകള്‍ താഴെ ചേര്‍ക്കുന്നു.

ജുഡീഷ്യറിയെ എക്സിക്യുട്ടീവില്‍ നിന്ന് വേര്‍തിരിക്കണമെന്നും അതിനു സംസ്ഥാനങ്ങള്‍ നടപടികള്‍ കൈക്കൊള്ളണമെന്നും ഭരണഘടനയുടെ നാലാം ഭാഗത്തില്‍ ആജ്ഞാപിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവിന്റെ സ്വാധീനതയോ നിയന്ത്രണമോ കൂടാതെ ജുഡീഷ്യറിക്കു സ്വതന്ത്രമായി വര്‍ത്തിക്കാന്‍ കഴിയണമെന്നതാണ് ഈ നിര്‍ദേശത്തിന്റെ പൊരുള്‍. മിക്ക സംസ്ഥാനങ്ങളും ഇതിനുവേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. 1973-ലെ ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡില്‍ ഇതു സംബന്ധിച്ച വ്യവസ്ഥ കള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ജുഡീഷ്യറി എക്സിക്യൂട്ടീവില്‍ നിന്നു വേറിട്ടു നില്‍ക്കുന്നു. പുതിയ കോഡില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരപരിധി നിയമസമാധാന കാര്യങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട് (107, 129, 133, 144, 145, 147 വകുപ്പുകള്‍). പുതിയ കോഡനുസരിച്ച് ജുഡീഷ്യല്‍ മജിസ്ട്രേറ്റുമാര്‍ ഹൈക്കോടതിയുടെ നിയന്ത്രണത്തിലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാര്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുമാണ്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിക്കുന്നതിനും ജുഡീഷ്യല്‍ മജിസ്ട്രേറ്റു കോടതികള്‍ സ്ഥാപിക്കുന്നതിനുമുള്ള അധികാരം സംസ്ഥാന ഗവണ്‍മെന്റില്‍ നിക്ഷിപ്തമാണെങ്കിലും ഹൈക്കോടതിയുടെ അനുമതിയോടുകൂടി മാത്രമേ ഈ അധികാരം വിനിയോഗിക്കാവൂ എന്നും ഈ കോടതികളുടെ പ്രിസൈഡിങ് ഓഫീസര്‍മാരെ നിയമിക്കുന്നതിനുള്ള അധികാരം ഹൈക്കോടതിക്കായിരിക്കുമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു.

മൂന്നു തലത്തിലുള്ള മജിസ്ട്രേറ്റു കോടതികള്‍ ഉണ്ടായിരുന്നത് (ഒന്നാം ക്ളാസ്, രണ്ടാം ക്ളാസ്, മൂന്നാം ക്ളാസ്) പുതിയ കോഡില്‍ രണ്ടായി കുറച്ചു. പുതിയ കോഡനുസരിച്ച് 108, 109, 110 എന്നീ വകുപ്പുകള്‍ ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെയും 145-ം 147-ം വകുപ്പുകള്‍ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെയും അധികാര പരിധിയിലാണ്. ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ അധികാരങ്ങള്‍ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിനും തിരിച്ചും നല്കാന്‍ സംസ്ഥാന ഗവണ്‍മെന്റിന് അധികാരമുണ്ടായിരിക്കുമെന്നു 478-ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. ഹൈക്കോടതിയുടെ ആദ്യക്രിമിനല്‍ അധികാരിത പുതിയ കോഡില്‍ വേണ്ടെന്നു വച്ചിട്ടുണ്ട്. ജൂറിവിചാരണ പുതിയ കോഡില്‍ നിര്‍ത്തലാക്കി.

കുറ്റവാളികള്‍ക്ക് അവരുടെ സാമ്പത്തികസ്ഥിതി കണക്കിലെടുത്തു. നിയമസഹായം അനുവദിക്കണമെന്ന തത്ത്വം അംഗീകരിച്ചിട്ടുണ്ട്. സെഷന്‍സ് കേസുകളില്‍ സ്റ്റേറ്റിന്റെ ചെലവില്‍ നിയമസഹായം അനുവദിക്കണമെന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. (304).

ശിക്ഷ വിധിക്കുമ്പോള്‍ വിധിക്കപ്പെട്ട തടവുശിക്ഷയുടെ കാലത്തില്‍ നിന്നു വിചാരണവേളയില്‍ പ്രതി അനുഭവിച്ച തടവുകാലം കുറയ്ക്കണമെന്ന വ്യവസ്ഥ (428) പുതുതായി ചേര്‍ത്തതാണ്. റിമാന്‍ഡില്‍ ജയിലില്‍ കഴിഞ്ഞകാലവും കുറയ്ക്കുന്നതായിരിക്കും.

ജീവിതമാര്‍ഗത്തിനു വകയില്ലാത്ത ആളുകളില്‍ നിന്നു നല്ലനടപ്പിനു ജാമ്യം ആവശ്യപ്പെടുന്ന വകുപ്പ് പുതിയ കോഡില്‍ എടുത്തു കളഞ്ഞു. എന്നാല്‍ സ്ഥിരം കുറ്റവാളികളില്‍ നിന്ന് ജാമ്യം ആവശ്യപ്പെടുന്നതിനുള്ള വ്യവസ്ഥ കള്ളക്കടത്തുകാര്‍, കരിഞ്ചന്തക്കാര്‍ തുടങ്ങിയ സാമൂഹിക വിരുദ്ധന്മാര്‍ക്കും പ്രോവിഡന്‍ഡ് ഫണ്ട് വിഹിതം അടയ്ക്കാത്തവര്‍, അയിത്തനിയമം അനുസരിച്ചുള്ള കുറ്റക്കാര്‍ എന്നിവര്‍ക്കും ബാധകമാകുന്ന രീതിയില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

നീതി നിര്‍വഹണത്തിലെ കാലതാമസം ഒഴിവാക്കാന്‍ കോഡില്‍ വ്യവസ്ഥകളുണ്ട്. ക്രിമിനല്‍ കേസ് സംബന്ധിച്ച കുറ്റപത്രം പൊലീസ് 60 ദിവസത്തിനകം കോടതിയില്‍ സമര്‍പ്പിച്ചിരിക്കണം (167). അതിനകം സമര്‍പ്പിച്ചില്ലെങ്കില്‍ കുറ്റവാളിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നു മോചിപ്പിച്ച് ജാമ്യത്തില്‍ വിടുന്നതായിരിക്കും.

സാക്ഷികള്‍ക്കു തപാല്‍വഴി സമന്‍സ് അയയ്ക്കാമെന്ന വ്യവസ്ഥ (69), പെറ്റി കേസുകളില്‍ കോടതിയില്‍ ഹാജരാകാതെ തന്നെ കുറ്റക്കാരനു കുറ്റം സമ്മതിച്ച് സമന്‍സില്‍ പറഞ്ഞിട്ടുള്ള പിഴയടച്ച് കുറ്റവിമുക്തനാകാമെന്ന വകുപ്പ് എന്നിവ (206) പുതുതായി ചേര്‍ത്തതാണ്.

എട്ടാം അധ്യായത്തില്‍ നല്ല നടപ്പു ജാമ്യം സംബന്ധിച്ച അന്വേഷണങ്ങള്‍ 6 മാസത്തിനുള്ളില്‍ തീര്‍ത്തിരിക്കണമെന്നു വ്യവസ്ഥ ചെയ്യുന്ന വകുപ്പ് (116) പുതുതായി ചേര്‍ത്തിട്ടുള്ളതാണ്. പ്രത്യേക കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ മജിസ്ട്രേറ്റിന് ആറു മാസത്തില്‍ക്കൂടുതല്‍ കാലത്തേക്കു അന്വേഷണം നീട്ടാനാകൂ.

173-ാം വകുപ്പനുസരിച്ച് പൊലീസ് ഓഫീസര്‍ കേസന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് മജിസ്ട്രേറ്റിനു സമര്‍പ്പിച്ചതിനു ശേഷം പിന്നീടുള്ള അന്വേഷണങ്ങളുടെ വെളിച്ചത്തില്‍ എന്തെങ്കിലും തെളിവുകള്‍ ലഭിച്ചാല്‍ അവ വീണ്ടും സമര്‍പ്പിക്കാമെന്നതും ധ173(8)പ പുതുതായി ഉള്‍പ്പെടുത്തിയതാണ്.

സെഷന്‍സ് കോടതിയോ ഹൈക്കോടതിയോ വിചാരണ ചെയ്യേണ്ട കേസുകളിലെ പ്രാഥമികാന്വേഷണം സംബന്ധിച്ച് പഴയകോഡിലുണ്ടായിരുന്ന 18-ാം അധ്യായം പുതിയ കോഡില്‍ ഒഴിവാക്കി. അത്തരം കേസുകളില്‍ മജിസ്ട്രേറ്റുമാരുടെ അന്വേഷണം നീതിനിര്‍വഹണത്തിനു സഹായകമാകുന്നില്ല എന്നു മാത്രമല്ല, ഗൌരവമായ കേസുകളുടെ വിചാരണയ്ക്കു കാലവിളംബം ഉണ്ടാക്കുകയും ചെയ്യുമെന്നതുകൊണ്ട് അതു നീക്കാനാണ് ലോ കമ്മിഷന്‍ ശിപാര്‍ശ ചെയ്തിരുന്നത്. പുതിയ കോഡിലെ 290-ാം വകുപ്പനുസരിച്ച് മജിസ്ട്രേറ്റു പ്രാഥമിക നടപടികള്‍ കൈക്കൊണ്ടശേഷം കേസ് സെഷന്‍സ് കോടതിയിലേക്കു കമ്മിറ്റു ചെയ്താല്‍ മതിയാകും.

പുതിയ കോഡനുസരിച്ച് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു (ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റിനും ഏഴുവര്‍ഷം വരെ തടവുശിക്ഷ വിധിക്കാനുള്ള അധികാരമുണ്ട് (29). ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ അധികാരപരിധി വര്‍ധിച്ചതുമൂലം സെഷന്‍സ് കോടതിയുടെ ജോലിഭാരം വളരെ കുറയും. പ്രതിയെ വിദഗ്ധ വൈദ്യപരിശോധനയ്ക്കു വിധേയനാക്കുന്നതിനുള്ള വകുപ്പുകള്‍ (53, 54) പുതുതായി ഉള്‍പ്പെടുത്തിയതാണ്.

പൊലീസ് റിപ്പോര്‍ട്ടിലൂടെയല്ലാതെ ഒരു കേസ് (കംപ്ളെയിന്റ് കേസ്) ഫയലില്‍ സ്വീകരിച്ചുകഴിഞ്ഞശേഷം വിചാരണ വേളയില്‍ അതേ കുറ്റം സംബന്ധിച്ച് പൊലീസും അന്വേഷണം നടത്തിക്കൊണ്ടിരിക്കയാണെന്ന് മജിസ്ട്രേറ്റിന് വിവരം ലഭിച്ചാല്‍ കംപ്ളെയിന്റ് കേസ് സ്റ്റേചെയ്യുന്നതിന് മജിസ്ട്രേറ്റിനു അധികാരം നല്കുന്നതാണ് പുതിയ കോഡിലെ 210-ാം വകുപ്പ്, അന്വേഷണം നടത്തുന്ന പൊലീസുദ്യോഗസ്ഥനില്‍ നിന്നും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് വരുത്തിയശേഷം രണ്ടു കേസുകളില്‍ ഒരുമിച്ചു വിചാരണ ചെയ്യും. സ്വകാര്യപരാതികള്‍ നീതിനിര്‍വഹണത്തെ തടസ്സപ്പെടുത്താതിരിക്കാന്‍ വേണ്ടിയാണ് ഈ വകുപ്പ് ചേര്‍ത്തിട്ടുള്ളത്.

പഴയ കോഡില്‍ 6 മാസത്തില്‍ കുറയാതെയുള്ള തടവുശിക്ഷ വിധിക്കുന്ന കുറ്റങ്ങളാണ് സമ്മറി വിചാരണയുടെ പരിധിയില്‍പ്പെട്ടിരുന്നത്. പുതിയകോഡില്‍ രണ്ടുവര്‍ഷം വരെ തടവുശിക്ഷ വിധിക്കപ്പെടുന്ന കുറ്റങ്ങള്‍ ഉള്‍പ്പെടുത്തി സമ്മറി വിചാരണയുടെ പരിധി വ്യാപകമാക്കുകയുണ്ടായി. പഴയ കോഡില്‍ ഒരു വര്‍ഷം വരെ തടവുശിക്ഷയുള്ള കുറ്റങ്ങളാണ് സമന്‍സ് കേസുകളായി വിചാരണ ചെയ്തിരുന്നത്. പുതിയ കോഡില്‍ രണ്ടുവര്‍ഷം വരെ തടവു വിധിക്കാവുന്ന കുറ്റങ്ങള്‍ സമന്‍സു കേസുകളാക്കി. പഴയ കോഡിലെ 262-ാം വകുപ്പനുസരിച്ച്, സമന്‍സ് കേസിന്റെ നടപടി അനുസരിച്ച് സമന്‍സ് കേസുകളും വാറണ്ടു കേസിന്റെ നടപടിയനുസരിച്ച് വാറണ്ടു കേസുകളും കൈകാര്യം ചെയ്യണമായിരുന്നു. എന്നാല്‍ പുതിയ കോഡിലെ 262-ാം വകുപ്പനുസരിച്ച് സമന്‍സ് കേസിന്റെ വിചാരണക്രമം വാറണ്ട് കേസെന്നോ സമന്‍സ് കേസെന്നോ ഉള്ള വ്യത്യാസം കണക്കിലെടുക്കാതെ എല്ലാ കുറ്റകൃത്യങ്ങളെയും സമ്മറി വിചാരണയ്ക്കു സ്വീകരിക്കണമെന്നാണ്.

നീതി നിര്‍വഹണത്തിന്റെ താത്പര്യങ്ങള്‍ക്കു അനിവാര്യമെന്നു മജിസ്ട്രേറ്റിനു തോന്നിയാല്‍ സമന്‍സ് കേസ് വാറണ്ട് കേസാക്കി മാറ്റി പുനര്‍വിചാരണ ചെയ്യാമെന്ന് അനുശാസിക്കുന്ന 259-ാം വകുപ്പ് പുതിയ കോഡില്‍ കൂട്ടിച്ചേര്‍ത്തതാണ്.

സെഷന്‍സ് കോടതിയില്‍ സാക്ഷികളുടെ തെളിവ് വിവരണവിധേയമായി എഴുതിയെടുക്കണമെന്നായിരുന്നു പഴയ കോഡിലെ 359-ാം വകുപ്പില്‍ വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍ അതു ചോദ്യത്തോരരൂപത്തിലായിരിക്കണമെന്നാണ് പുതിയ കോഡ് വ്യവസ്ഥ ചെയ്യുന്നത് (276). പ്രോസിക്യൂഷന്റെ ആവശ്യത്തിനുവേണ്ടി ഒരു സാക്ഷിയെ വിചാരണ ചെയ്യുന്നതിന് ഒരു കമ്മിഷനെ നിയമിക്കുമ്പോള്‍ അഭിഭാഷകന്റെ ഫീസ് ഉള്‍പ്പെടെയുള്ള പ്രതിയുടെ ചെലവ് പ്രോസിക്യൂഷന്‍ വഹിക്കണമെന്നു കോടതി ഉത്തരവിടേണ്ടതാണെന്നുള്ള വകുപ്പ് [284 (2)] പുതുതായി ചേര്‍ത്തിട്ടുള്ളതാണ്.

പഴയ കോഡിലെ 342(2) വകുപ്പനുസരിച്ച് പ്രതിയോടു ചോദിച്ച ഒരു ചോദ്യത്തിന് പ്രതി ഉത്തരം നല്കാതിരിക്കുകയോ തെറ്റായി ഉത്തരം നല്കുകയോ ചെയ്താല്‍ അക്കാരണം കൊണ്ട് പ്രതി ശിക്ഷയ്ക്കു വിധേയനാകുകയില്ലെങ്കിലും ആ ഉത്തരത്തില്‍ നിന്നോ നിഷേധത്തില്‍ നിന്നോ ഒരു നിഗമനത്തിലെത്താന്‍ കോടതിക്കധികാരമുണ്ടായിരുന്നു. എന്നാല്‍ 'നിഗമനത്തിലെത്താം' എന്ന ഭാഗം പുതിയ കോഡില്‍ ഒഴിവാക്കിയിട്ടുണ്ട്.

ഒരു കേസിനെ സംബന്ധിച്ചവാദം കേള്‍ക്കുമ്പോള്‍ കക്ഷികള്‍ക്കു വാചികവാദങ്ങള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പ് തങ്ങളുടെ കേസിനെ ശക്തിപ്പെടുത്തുന്ന വാദങ്ങള്‍ എഴുതി തയ്യാറാക്കിയ മെമ്മോറാണ്ടം കോടതിക്കു സമര്‍പ്പിക്കാമെന്ന വകുപ്പ് (314) പുതിയ കോഡില്‍ ചേര്‍ത്തിട്ടുണ്ട്. ജാമ്യത്തില്‍ വിടത്തക്കതല്ലാത്ത ഒരു കുറ്റം ചെയ്തുവെന്ന് ആരോപിതനായി അറസ്റ്റു ഭയക്കുന്ന ഒരു വ്യക്തിയെ അറസ്റ്റു ചെയ്താല്‍ ബന്ധനത്തില്‍ നിന്നു മോചിപ്പിക്കുന്നതിനുള്ള (മുന്‍കൂര്‍ ജാമ്യം) ഉത്തരവു നല്കുന്നതിന് ഹൈക്കോടതിക്കും സെഷന്‍സ് കോടതിക്കും അധികാരം നല്കുന്ന 438-ാം വകുപ്പും പുതുതായി ഉള്‍പ്പെടുത്തിയതാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍